അഹമ്മദാബാദ്: ആകാശ എയര്‍ കാര്‍ഗോയില്‍നിന്ന് 2.58 കോടി രൂപ വിലമതിക്കുന്ന 2.1 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആകാശ എയറിലെ ജീവനക്കാര്‍ ഉള്‍പ്പെട്ട വലിയൊരു റാക്കറ്റാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ 18ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ‘സീക്വല്‍ ലോജിസ്റ്റിക്സ്’ കമ്പനി വഴി ആകാശ എയര്‍ വിമാനത്തില്‍ ബംഗളൂരുവിലേക്ക് സ്വര്‍ണാഭരണങ്ങളടങ്ങിയ ഏഴു പാഴ്സലുകള്‍ അയച്ചിരുന്നു. ഇതില്‍ 2.1 കിലോഗ്രാം സ്വര്‍ണമടങ്ങിയ ഒരു പാഴ്സലാണു പ്രതികള്‍ കടത്തിയത്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്നു കാര്‍ഗോ കയറ്റുന്നതിനിടെയാണു സ്വര്‍ണം കടത്തിയത്. ആകാശ എയറിലെ ക്ലീനിംഗ് സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെട്ട സംഘമാണ് പിടിയിലായത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണു ജീവനക്കാര്‍ പിടിയിലായത്. മോഷ്ടിക്കപ്പെട്ട 2.58 കോടി രൂപയുടെ സ്വര്‍ണത്തില്‍ 1.72 കോടിയുടെ സ്വര്‍ണം കണ്ടെടുത്തതായി പോലീസ് പറഞ്ഞു.